---
title: "'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി"
english_title: "Dean Kuriakose Admits Recommending Geona James for Govt Pleader Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373223/dean-kuriakose-govt-pleader-appointment-geona-james-controversy"
published_at: "2026-07-18T16:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b5ad8894eb_deen_kuriakose.jpg"
keywords: ["Dean Kuriakose", "Idukki MP", "Govt Pleader", "Geona James", "Kerala Politics", "Appointment Controversy"]
---

# 'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

> **Lead Summary:** തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അഡ്വ. ജിയോണ ജയിംസിനെ ഈ പദവിയിലേക്ക് ശുപാർശ ചെയ്തത് താൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അഡ്വ. ജിയോണ ജയിംസിനെ ഈ പദവിയിലേക്ക് ശുപാർശ ചെയ്തത് താൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

> നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആണ് താൻ ശുപാർശ കത്ത് നൽകിയതെന്ന് ഡീൻ വ്യക്തമാക്കി. "ഇതിൽ യാതൊരു ഒളിച്ചുകളിയുമില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ശുപാർശ," എന്നും അദ്ദേഹം പറഞ്ഞു.

പ്ലീഡർ നിയമനം പരീക്ഷയിലൂടെയല്ല നടക്കുന്നതെന്നും അർഹരായവരുടെ യോഗ്യതകൾ പരിശോധിച്ചുള്ള സെലക്ഷൻ പ്രക്രിയയാണെന്നും ഡീൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധി എന്ന നിലയിൽ തന്റെ മുന്നിൽ നിരവധി ശുപാർശകൾ എത്താറുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

> "ജിയോണ ജയിംസ് ഈ പോസ്റ്റിലേക്ക് 100 ശതമാനം യോഗ്യയാണ്" എന്ന് തനിക്ക് ഉറപ്പുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.ജിയോണയുടെ മുൻപത്തെ എസ്എഫ്ഐ പശ്ചാത്തലം ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങളെ ഡീൻ കുര്യാക്കോസ് ശക്തമായി തള്ളി.

> "മുൻപ് ഏത് സംഘടനയിലായിരുന്നു എന്നതല്ല, ഇപ്പോൾ ഏത് സംഘടനയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് നോക്കേണ്ടത്. 2022 മുതൽ അവർ കോൺഗ്രസിന്റെ ഔദ്യോഗിക അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ സജീവമാണ്. ഒരു ലോയേഴ്സ് കോൺഗ്രസ് അംഗത്തെ ശുപാർശ ചെയ്യുന്നതിൽ എന്ത് തെറ്റാണ്?" എന്ന് അദ്ദേഹം ചോദിച്ചു.

> ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപത്തോട് കടുത്ത ഭാഷയിലാണ് ഡീൻ മറുപടി നൽകിയത്. "എന്റെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നവർക്ക് ഞാൻ എസ്എഫ്ഐ അനുകൂലി ആകില്ലെന്ന് അറിയാം. കെഎസ്‌യു പ്രവർത്തനകാലത്ത് എസ്എഫ്ഐക്കാരുടെ മർദ്ദനത്തിൽ തലയിൽ 14 തുന്നലുകൾ വരെ വീണിട്ടുണ്ട്.

> അവരുടെ ഫാസിസ്റ്റ് രീതികളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാരിൽ ഒരാളാണ് താനെന്നും, കെഎസ്‌യു, യൂത്ത് കോൺഗ്രസ് കാലത്ത് 56 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഡീൻ ഓർമ്മിപ്പിച്ചു. അതുകൊണ്ടാണ് സംഘടനാ പ്രവർത്തകരുടെ വികാരം തനിക്ക് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373223/dean-kuriakose-govt-pleader-appointment-geona-james-controversy)