---
title: "അടിമുടി പുകയുന്നു.... 'കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന പ്രസ്ഥാനത്തെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു'; അലോഷ്യസ് സേവ്യറിനെതിരെ മുബാസ് ഓടക്കാലി"
english_title: "KSU Internal Row: Mubas Odakkali Slams State President Aloysius Xavier Over Govt Pleader Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373056/ksu-internal-row-mubas-odakkali-slams-aloysius-xavier-govt-pleader-controversy"
published_at: "2026-07-17T21:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a541075736_ksu-internal-row-mubas-odakkali-slams-aloysius-xavier-govt-pleader-controversy.jpg"
keywords: ["KSU", "Aloysius Xavier", "Mubas Odakkali", "VD Satheesan", "Govt Pleader Appointment", "Kerala Congress", "UDF"]
---

# അടിമുടി പുകയുന്നു.... 'കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന പ്രസ്ഥാനത്തെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു'; അലോഷ്യസ് സേവ്യറിനെതിരെ മുബാസ് ഓടക്കാലി

> **Lead Summary:** കോഴിക്കോട്: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്ന് മുബാസ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

## Article Content

കോഴിക്കോട്: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്ന് മുബാസ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

പ്ലീഡര്‍ നിയമനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് പരാതി നല്‍കിയില്ല. പകരം വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ മാത്രം കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെന്നും മുബാസ് കുറ്റപ്പെടുത്തി. മറ്റു നിയമനങ്ങളില്‍ ഒന്നും പ്രവര്‍ത്തകരുടെ വികാരം സംരക്ഷിക്കാന്‍ തോന്നാത്തവര്‍ക്ക് പ്ലീഡര്‍ നിയമനത്തില്‍ മാത്രം അത് തോന്നിയെന്നും വിമര്‍ശനമുണ്ട്. വ്യക്തി താത്പര്യങ്ങള്‍ക്കും മാധ്യമ ശ്രദ്ധക്കുമായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടില്‍ നിര്‍ത്തുന്നു.

നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് ഇതുവരെ സംസാരിച്ച് കണ്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. കെഎസ്‌യുവിനെ പരിഗണിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന പറയുന്ന കെഎസ്‌യു പ്രസിഡന്റ് ഔദ്യോഗികമായി ഇതുവരെയും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവിലെ ഈ ആശങ്കകള്‍ ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മുബാസ് ഓടക്കലി ആരോപിച്ചു.

അതേസമയം പ്ലീഡര്‍ നിയമനത്തിലെ തന്റെ ഇടപെടല്‍ ഒരു തെറ്റാണെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുമെന്നാണ് അലോഷ്യസ് സേവ്യറിന്റെ നിലപാട്.

കെഎസ്‌യു പ്രവര്‍ത്തകരുടെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാറെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും അലോഷ്യസ് പറഞ്ഞിരുന്നു.

**ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ**

> ***കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന മഹത്തായ പാരമ്പര്യം പേറുന്ന ഒരു പ്രസ്ഥാനത്തെ “ചിലർ” സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോൾ നാവുയർത്താതിരിക്കാൻ സാധ്യമല്ല.ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു ഇത്രയധികം ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേയോ,കെപിസിസി നേതൃത്വത്തേയോ നേരിട്ട് കണ്ട് ഒരു പരാതി പോലും നൽകാതെ പകരം തുടക്കത്തിൽ തന്നെ പൊതുമധ്യത്തിൽ നിരന്തരമായി ആക്ഷേപങ്ങൾ ഉന്നയിക്കുകയും വിവാദങ്ങൾക്ക് തിരികൊളുത്തിയതിനുശേഷം***

***മുഖ്യമന്ത്രി നേരിട്ട് ആരോപണങ്ങൾക്ക് മറുപടി പറയുന്ന സാഹചര്യമുണ്ടായപ്പോൾ മാത്രം, മുഖ്യമന്ത്രിയെ കാണാൻ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുന്നത് ചില സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.***

***നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ വ്യഗ്രത കാണിക്കുന്നവർ ഇതുവരെയും ലോയേഴ്സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് എവിടേയും ഒരക്ഷരവും സംസാരിച്ച് കണ്ടില്ല. സ്വാഭാവികമായും ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പാർട്ടി പരിഗണിക്കുന്നത് ലോയേഴ്സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റ് ആണ്. കെ.എസ്‌.യുവിനെ പരിഗണിച്ചില്ല എന്ന് ആവർത്തിച്ചു പറയുന്ന കെ.എസ്.യൂ പ്രസിഡണ്ട് ഔദ്യോഗികമായി ഇതുവരെയും ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.***

***മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ ഡ്രൈവർമാർ തുടങ്ങി പല തരത്തിലുള്ള നിയമനങ്ങളിലും ആക്ഷേപങ്ങൾ ഉയർന്നപ്പോൾ പ്രവർത്തകരുടെ വികാരം സംരക്ഷിക്കാൻ തോന്നാത്ത, തെരുവിൽ ചോര ചിന്തയവർക്കായി പരസ്യ പ്രതികരണം നടത്തണമെന്ന് തോന്നാത്തവർക്ക് ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മാത്രം ഇത്തരമൊരു ആശങ്കയുള്ളൂ എന്നതാണ് ശ്രദ്ദേയം.***

***ആ ആശങ്ക ചില മോഹഭംഗങ്ങൾ നിന്നുദിച്ചുയർന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകും. ഇത്തരം ഗൗരവമായ ഒരു വിഷയത്തിൽ കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ടിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെങ്കിൽ പൊതു പരിപാടി നടക്കുന്നിടത്ത് സകല മാധ്യമങ്ങളെയും സാക്ഷ്യം നിർത്തി മുന്നിൽ ചെന്ന് നിൽക്കുകയല്ല വേണ്ടത്. കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണമല്ല ഇന്ന് കേരളത്തിൽ. ഏതൊരു സാധാരണക്കാരനും കാണാനും ആശങ്കകൾ അറിയിക്കാനും അവസരമുള്ള ഒരു മുഖ്യമന്ത്രിയാണ് കസേരയിൽ. അങ്ങനെയുള്ള ഒരാളെ കാണാൻ ബോധപൂർവ്വം ഇത്തരമൊരു അവസരം തെരഞ്ഞെടുത്തതിലൂടെ ഒരു കാര്യം കൂടി വ്യക്തമാണ്.***

***സംഘടനയോ പ്രവർത്തകരോ പ്രവർത്തക വികാരമോ പ്രശ്നപരിഹാരമോ ഒന്നുമല്ല പ്രഥമപരിഗണനകൾ. വ്യക്തി താൽപര്യങ്ങൾക്കും അനാവശ്യ മാധ്യമ ശ്രദ്ധക്കും വേണ്ടി മുഖ്യമന്ത്രിയേയും സർക്കാരിനേയും ഇരുട്ടിൽ നിർത്തുക. അത്രമാത്രം. പക്ഷേ അത് കേരളത്തിലെ മുഴുവൻ കെ.എസ്.യൂ പ്രവർത്തകരുടേയും ചിലവിൽ വേണ്ട. ഈ പതാക അത്തരം ഗൂഢ ലക്ഷ്യങ്ങൾക്ക് തണലൊരുക്കില്ല.***

***മുബാസ് ഓടക്കാലി***

***കെ.എസ്.യൂ സംസ്ഥാന ജനറൽ സെക്രട്ടറി***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373056/ksu-internal-row-mubas-odakkali-slams-aloysius-xavier-govt-pleader-controversy)