---
title: "'ഹിന്ദു ഐക്യവേദിക്ക് സമയം, സ്വന്തക്കാർക്ക് നിഷേധം': മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് വി ആർ അനൂപ്"
english_title: "Kerala Congress Leader VR Anoop Slams CM VD Satheesan For Denying Meeting To KSU, KPCC Leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372762/kerala-congress-vr-anoop-criticizes-cm-vd-satheesan-meeting-denied"
published_at: "2026-07-16T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a7bca0f7a_kerala-congress-vr-anoop-criticizes-cm-vd-satheesan-meeting-denied.jpg"
keywords: ["VD Satheesan", "VR Anoop", "KPCC", "KSU", "Kerala Congress", "Hindu Aikya Vedi", "Kerala Politics"]
---

# 'ഹിന്ദു ഐക്യവേദിക്ക് സമയം, സ്വന്തക്കാർക്ക് നിഷേധം': മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് വി ആർ അനൂപ്

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച മുഖ്യമന്ത്രി, സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് അതേ അവസരം നിഷേധിച്ചു എന്നാണ് അനൂപിന്റെ പ്രധാന ആരോപണം.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച മുഖ്യമന്ത്രി, സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് അതേ അവസരം നിഷേധിച്ചു എന്നാണ് അനൂപിന്റെ പ്രധാന ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചതിലാണ് പ്രതിഷേധം. സംസ്ഥാനത്തെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ എൻ. ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധത്തെക്കുറിച്ചുള്ള തന്റെ ആശങ്ക മുഖ്യമന്ത്രിയെ നേരിൽ അറിയിക്കാനാണ് പി എം നിയാസ് സമയം തേടിയത്.

എന്നാൽ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചില്ല.അതേസമയം സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പരാതിയുമായി കാണാൻ ശ്രമിച്ച അലോഷ്യസ് സേവ്യറിനും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്. ആർഎസ്എസ് പ്രവർത്തകനായ ഡി എസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതിനെതിരെയാണ് കെഎസ്‌യുവും കോൺഗ്രസിലെ അഭിഭാഷക വിഭാഗവും രംഗത്തെത്തിയത്.

> വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനം എന്നാണ് ആരോപണം.ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി കെഎസ്‌യുവിനെ പരസ്യമായി വിമർശിച്ചിരുന്നു. "തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത്? ഇതിൽ കെഎസ്‌യുവിന് ഒരു കാര്യവുമില്ല" എന്നായിരുന്നു സതീശന്റെ പ്രതികരണം.

> ഇതിന് പിന്നാലെയാണ് കെഎസ്‌യു നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ" എന്ന് ഫേസ്ബുക്കിൽ കുറിച്ച അലോഷ്യസ് സേവ്യർ, പിന്നീട് മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയെങ്കിലും അത് നിഷേധിക്കപ്പെട്ടു.

> ഹിന്ദു ഐക്യവേദി നേതാക്കളായ കെ പി ശശികല, ആർ വി ബാബു എന്നിവർക്ക് മുഖ്യമന്ത്രി അനുഭാവപൂർവ്വമായ സമീപനം കാണിക്കുമ്പോൾ, സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് അവസരം നിഷേധിക്കുന്നത് ശരിയല്ലെന്ന് അനൂപ് ചൂണ്ടിക്കാട്ടി. "ഇത് അവരുടെ അവകാശമാണ്. ഇത് നമ്മുടെ കൂടി സർക്കാരാണ്" എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സർക്കാർ പ്ലീഡർ നിയമനത്തിലെ വിവാദത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡന്റുമാരും നിയമനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.ഒരു വശത്ത് സഖ്യകക്ഷികളുമായും മറുവശത്ത് സ്വന്തം പാർട്ടിയിലെ യുവനേതൃത്വവുമായും ഉടലെടുക്കുന്ന ഈ അകൽച്ച കോൺഗ്രസിനകത്ത് ചർച്ചയാകുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372762/kerala-congress-vr-anoop-criticizes-cm-vd-satheesan-meeting-denied)