---
title: "ഫൈനൽ പോയി, പക്ഷെ 'ബൂട്ട്' ഞാൻ കൊണ്ടുപോകും! മെസിക്ക് വൻ ഭീഷണിയായി എംബാപ്പെയുടെ തേരോട്ടം"
english_title: "Mbappe Leads Golden Boot Race After France World Cup Semi Final Defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372555/mbappe-golden-boot-race-world-cup-2026-france"
published_at: "2026-07-15T16:17:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5765c7bd19a_mbappe-golden-boot-race-world-cup-2026-france.jpg"
keywords: ["Kylian Mbappe", "Golden Boot", "FIFA World Cup", "France", "Lionel Messi", "Harry Kane", "Football News"]
---

# ഫൈനൽ പോയി, പക്ഷെ 'ബൂട്ട്' ഞാൻ കൊണ്ടുപോകും! മെസിക്ക് വൻ ഭീഷണിയായി എംബാപ്പെയുടെ തേരോട്ടം

> **Lead Summary:** ഡാളസ്: **[**സെമി ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട് ഫ്രാൻസ് പുറത്തായതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ഫ്രഞ്ച് പടയുടെ സ്വപ്നമാണ് തകർന്നത്. എന്നാൽ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ വ്യക്തിഗത പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല.

## Article Content

ഡാളസ്: **[**സെമി ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട് ഫ്രാൻസ് പുറത്തായതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ഫ്രഞ്ച് പടയുടെ സ്വപ്നമാണ് തകർന്നത്. എന്നാൽ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ വ്യക്തിഗത പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല.

കിരീടം നഷ്ടമായെങ്കിലും ഈ ലോകകപ്പിലെ ടോപ്പ് സ്കോറർക്കുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള പോരാട്ടത്തിൽ എംബാപ്പെ തന്നെയാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ എട്ട് ഗോളുകളുമായാണ് ഫ്രഞ്ച് നായകൻ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതുള്ളത്.

അർജന്റീന നായകൻ ലിയോണൽ മെസിക്കും എട്ട് ഗോളുകൾ തന്നെയുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെ മുന്നിലായതാണ് (എംബാപ്പെ 3, മെസി 2) അദ്ദേഹത്തിന് തുണയായത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ ആറ് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന അർജന്റീന-ഇംഗ്ലണ്ട് സെമി ഫൈനലിന്റെ ഫലം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഏറെ നിർണായകമാകും. ഫ്രാൻസിന് ഇനി ശനിയാഴ്ച മിയാമിയിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരം മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഫൈനലിലെത്തുന്ന ടീമിലെ താരങ്ങൾക്ക് രണ്ട് മത്സരങ്ങൾ കൂടി ലഭിക്കുമെന്നത് എംബാപ്പെയ്ക്ക് വലിയ വെല്ലുവിളിയാണ്.

ഗോൾഡൻ ബൂട്ട് നിർണയത്തിൽ മൂന്നാം സ്ഥാന മത്സരം ഇത്ര നിർണായകമാകുന്നത് ഫുട്ബോൾ ചരിത്രത്തിൽ അപൂർവമാണ്. 1958-ലെ ലോകകപ്പിലാണ് അവസാനമായി ഇങ്ങനെ സംഭവിച്ചത്.

അന്ന് ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ മൂന്നാം സ്ഥാന മത്സരത്തിൽ വെസ്റ്റ് ജർമ്മനിക്കെതിരെ 4 ഗോളുകൾ നേടി, ഒരൊറ്റ ലോകപ്പിൽ 13 ഗോളുകൾ എന്ന റെക്കോർഡോടെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.

2022-ൽ ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെ, ഇത്തവണയും അത് നിലനിർത്തി തുടർച്ചയായി രണ്ടാം തവണയും പുരസ്കാരം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹാരി കെയ്ൻ 2018-ൽ ഇത് നേടിയിട്ടുണ്ടെങ്കിലും മെസിക്ക് ഇതുവരെ ഗോൾഡൻ ബൂട്ട് ലഭിച്ചിട്ടില്ല.

സ്പെയിനെതിരെ ഗോൾ നേടാനായില്ലെങ്കിലും മറ്റൊരു എക്കാലത്തെയും മികച്ച റെക്കോർഡിന് തൊട്ടരികിലാണ് 27-കാരനായ എംബാപ്പെ. വെറും 21 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

21 ഗോളുകളുള്ള മെസിയുടെ ലോകകപ്പ് ഗോൾ റെക്കോർഡിന് തൊട്ടുപിന്നിലാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരെ മെസി സ്കോർ ചെയ്യാതിരിക്കുകയും മൂന്നാം സ്ഥാന മത്സരത്തിൽ എംബാപ്പെ ഗോൾ നേടുകയും ചെയ്താൽ ഈ വലിയ റെക്കോർഡും ഫ്രഞ്ച് നായകന് സ്വന്തമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372555/mbappe-golden-boot-race-world-cup-2026-france)