---
title: "മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍"
english_title: "Microfinance fraud case: Vigilance Director approves first chargesheet against Vellappally Natesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367067/microfinance-fraud-case-vigilance-director-approves-first-chargesheet-against-vellappally-natesan"
published_at: "2026-06-20T09:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a092299225d4_vellappalli_natesan.jpg"
keywords: ["Latest News", "Vellappally Natesan", "Microfinance Fraud Case", "Vigilance Director"]
---

# മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

> **Lead Summary:** **തിരുവനന്തപുരം : **മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍.

## Article Content

**തിരുവനന്തപുരം : **മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍.

വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് പ്രതികളാണ്. രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല.

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. പകരം മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും. കോടതിയെ കളിയാക്കരുതെന്ന് വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില സമ്മര്‍ദ്ദമുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും വിവിധ എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367067/microfinance-fraud-case-vigilance-director-approves-first-chargesheet-against-vellappally-natesan)