---
title: "ആശുപത്രി സാധനങ്ങൾ വിറ്റ് ആഡംബര കാറുകളിൽ കറക്കം! പൊന്നാനിയിലെ ആറംഗ കള്ളന്മാരുടെ സംഘത്തെ പൊക്കി പൊലീസ്"
english_title: "Police arrest six-member gang for stealing Ponnani hospital supplies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366790/police-arrest-six-member-gang-for-stealing-ponnani-hospital-supplies"
published_at: "2026-06-18T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33d5359008f_CGHJFT.jpg"
keywords: ["LATEST NEWS", "Ponnani hospital", "Police arrest", "six-member gang", "stealing"]
---

# ആശുപത്രി സാധനങ്ങൾ വിറ്റ് ആഡംബര കാറുകളിൽ കറക്കം! പൊന്നാനിയിലെ ആറംഗ കള്ളന്മാരുടെ സംഘത്തെ പൊക്കി പൊലീസ്

> **Lead Summary:** മലപ്പുറം: **[** പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോർ പമ്പ് സെറ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ പലപ്പോഴായി മോഷ്ടിച്ച ആറംഗ സംഘത്തെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

മലപ്പുറം: **[** പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോർ പമ്പ് സെറ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ പലപ്പോഴായി മോഷ്ടിച്ച ആറംഗ സംഘത്തെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി സ്വദേശികളായ ഷഫീക്ക് (26), ഷഹദ് (24), നാസിൽ (22), സിഫാറത്ത് (21), ഫഹദ് (20), അസ്ലം (23) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽ നിന്നാണ് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ ഇവർ കവർന്നത്. കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റ്, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ എന്നിവയാണ് സംഘം മോഷ്ടിച്ചത്.

രാത്രി കാലങ്ങളിൽ സ്കൂട്ടറുകളിലെത്തിയാണ് ഇവർ ഒന്നിച്ച് സാമഗ്രികൾ പലപ്പോഴായി കടത്തിക്കൊണ്ടുപോയത്. മോഷ്ടിച്ച സാധനങ്ങൾ മാരാമുറ്റത്തുള്ള ഒരു ആക്രിക്കടയിലാണ് വിറ്റിരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് വിലകൂടിയ കാറുകൾ വാടകയ്‌ക്കെടുത്തും മറ്റും പ്രതികൾ ആർഭാട ജീവിതം നയിക്കുകയായിരുന്നു.

പത്തു ദിവസം മുൻപാണ് ആശുപത്രിയിൽ തുടർച്ചയായി മോഷണം നടക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അധികൃതർ ഒരു തന്ത്രം പ്രയോഗിച്ചു.  ആശുപത്രി കെട്ടിടത്തിന് പിൻഭാഗത്ത് ഇരുമ്പ് കമ്പികൾ കൂട്ടിയിട്ടത് കണ്ട് അധികൃതർക്ക് സംശയം തോന്നി.  ആരും അറിയാതെ അധികൃതർ അവിടെ അടിയന്തരമായി ഒരു രഹസ്യ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു.

 പിറ്റേന്ന് രാത്രി തന്നെ മോഷ്ടാക്കളെത്തി കമ്പികൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഈ ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിലെ കൂടുതൽ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366790/police-arrest-six-member-gang-for-stealing-ponnani-hospital-supplies)