---
title: "വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും "
english_title: "Shigella found in Wayanad students; 339 people have symptoms, Health Minister to visit the district tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364774/shigella-found-in-wayanad-students-339-people-have-symptoms-health-minister-to-visit-the-district-tomorrow"
published_at: "2026-06-08T22:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26f43943da5_k_muraleedaran.jpg"
keywords: ["Latest News", "Health Minister", "K Muraleedaran", "Shigella", "Wayanad"]
---

# വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും 

> **Lead Summary:** **കൽപ്പറ്റ : ** വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നാളെ ജില്ലയിലെത്തും.

## Article Content

**കൽപ്പറ്റ : ** വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നാളെ ജില്ലയിലെത്തും.

നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.‌‌

ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികളിൽ 21 പേരാണ് രോഗബാധയുണ്ടെന്ന നിഗമനത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെ‌ക്‌ഷനാണെന്ന് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കുട്ടികൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലു മുതൽ 12 വയസ്സ് വരെയുള്ള 841 കുട്ടികളാണ് മാർ ബസേലിയോസ് എയുപി സ്‌കൂളിൽ പഠിക്കുന്നത്. ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളിൽ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

സ്കൂളിലെ 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യഘട്ടത്തിൽ കടുത്ത രോഗലക്ഷണങ്ങൾ കാണിച്ച അഞ്ച് കുട്ടികളുടെ രക്ത-മല സാംപിളുകളാണ് അടിയന്തര പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ രണ്ടുപേരുടെ ഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364774/shigella-found-in-wayanad-students-339-people-have-symptoms-health-minister-to-visit-the-district-tomorrow)