---
title: "97% പൊള്ളലേറ്റിട്ടും കനൽവഴിയിൽ തളരാത്ത പോരാളി; ലിൻ ഡാന്റെ തോളൊപ്പം 12-കാരൻ സുവാൻസുവാൻ ബാഡ്മിന്റൺ കോർട്ടിൽ"
english_title: "12-year-old Xuanxuan, who suffered 97% burns, is not tired on the badminton court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363606/12-year-old-xuanxuan-who-suffered-97-burns-is-not-tired-on-the-badminton-court"
published_at: "2026-06-03T15:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff92758b9c_HFDGFDXHG.jpg"
keywords: ["LATEST NEWS", "Badminton", "Xuanxuan", "CHINA"]
---

# 97% പൊള്ളലേറ്റിട്ടും കനൽവഴിയിൽ തളരാത്ത പോരാളി; ലിൻ ഡാന്റെ തോളൊപ്പം 12-കാരൻ സുവാൻസുവാൻ ബാഡ്മിന്റൺ കോർട്ടിൽ

> **Lead Summary:** ബെയ്ജിങ്:**[** ശരീരത്തിന്റെ 97 ശതമാനവും അഗ്നിബാധയിൽ പൊള്ളലേറ്റിട്ടും, കടുത്ത ശാരീരിക വേദനകളെ കാറ്റിൽപ്പറത്തി ബാഡ്മിന്റൺ കോർട്ടിൽ വിസ്മയമാവുകയാണ് കിഴക്കൻ ചൈനയിൽ നിന്നുള്ള 12 -കാരൻ സുവാൻസുവാൻ. തന്റെ പ്രിയതാരവും ബാഡ്മിന്റൺ ഇതിഹാസവുമായ ലിൻ ഡാനെപ്പോലെ ലോക ചാമ്പ്യനാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൊച്ചുപോരാളി ദിവസേന കഠിനപരിശീലനം നടത്തുന്നത്.

## Article Content

ബെയ്ജിങ്:**[** ശരീരത്തിന്റെ 97 ശതമാനവും അഗ്നിബാധയിൽ പൊള്ളലേറ്റിട്ടും, കടുത്ത ശാരീരിക വേദനകളെ കാറ്റിൽപ്പറത്തി ബാഡ്മിന്റൺ കോർട്ടിൽ വിസ്മയമാവുകയാണ് കിഴക്കൻ ചൈനയിൽ നിന്നുള്ള 12 -കാരൻ സുവാൻസുവാൻ. തന്റെ പ്രിയതാരവും ബാഡ്മിന്റൺ ഇതിഹാസവുമായ ലിൻ ഡാനെപ്പോലെ ലോക ചാമ്പ്യനാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൊച്ചുപോരാളി ദിവസേന കഠിനപരിശീലനം നടത്തുന്നത്.

ആറ് വർഷം മുമ്പ് മാതാപിതാക്കളുടെ നൂഡിൽസ് കടയിലുണ്ടായ തീപിടിത്തത്തിലാണ് ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ സ്വദേശിയായ സുവാൻസുവാന്റെ ജീവിതം മാറിമറിഞ്ഞത്. അപകടത്തിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഉറങ്ങുകയായിരുന്ന സുവാൻസുവാനാണ് ഏറ്റവും മാരകമായി പരിക്കേറ്റത്.

ഇതുവരെ അമ്പതിലധികം ശസ്ത്രക്രിയകൾക്കാണ് ഈ പന്ത്രണ്ടുകാരൻ വിധേയനായത്. കക്ഷത്തിനടിയിലും കഴുത്തിന് പിന്നിലെ ചെറിയൊരു ഭാഗത്തും മാത്രമാണ് ഇപ്പോൾ ശരീരത്തിൽ ആരോഗ്യമുള്ള ചർമ്മമുള്ളത്. പ്രായത്തിനനുസരിച്ച് ശരീരം വളരുമ്പോൾ, പൊള്ളലേറ്റ ചർമ്മം വലിഞ്ഞു മുറുകുന്നത് കാരണം ദിവസേന കടുത്ത വേദനയാണ് സുവാൻസുവാൻ അനുഭവിക്കുന്നത്. ഓരോ രണ്ട് മാസം കൂടുമ്പോഴും ഈ വലിഞ്ഞു മുറുകൽ നീക്കം ചെയ്യാനുള്ള വേദനയേറിയ ശസ്ത്രക്രിയയ്ക്ക് അവൻ വിധേയനാകേണ്ടി വരുന്നു.

വേദനകൾക്കിടയിലും ആകസ്മികമായി ബാഡ്മിന്റണിലേക്ക് എത്തിയതാണ് സുവാൻസുവാന്റെ ജീവിതത്തിൽ പ്രത്യാശ പടർത്തിയത്. 20 ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള ചൈനീസ് താരം ലിൻ ഡാന്റെ കളിശൈലി കണ്ടാണ് സുവാൻസുവാൻ ബാഡ്മിന്റണിലേക്ക് ആകർഷിക്കപ്പെട്ടത്. അവസാന പോയിന്റ് വരെ വിട്ടുകൊടുക്കാത്ത ലിൻ ഡാന്റെ പോരാട്ടവീര്യം അവന് വലിയ പ്രചോദനമായി.

മകൻ പരിശീലിക്കുന്ന ദൃശ്യങ്ങൾ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ചൈനയുടെ ദേശീയ ഭിന്നശേഷി ബാഡ്മിന്റൺ ടീമിന്റെ മുഖ്യ പരിശീലകൻ ഡോങ് ജിയോങ്ങ് കുട്ടിയെ ശ്രദ്ധിക്കുന്നത്. തുടർന്ന് ഇവർക്കായി സൗജന്യ പരിശീലനവും വേദിയും കോച്ചും ഒരുക്കി നൽകുകയായിരുന്നു.

കോർട്ടിൽ മറ്റ് കളിക്കാരെപ്പോലെ വേഗത്തിൽ ചലിക്കാൻ സുവാൻസുവാന് കഴിയില്ല. പലപ്പോഴും വീണുപോകും. ശരീരത്തിൽ കടുത്ത വേദന അനുഭവപ്പെടുമെങ്കിലും ആഴ്ചയിൽ അഞ്ചും ആറും ദിവസം മൂന്ന് മണിക്കൂറിലധികം അവൻ പരിശീലനം തുടരുന്നു. ഭാവിയിൽ മികച്ചൊരു പാരാ ബാഡ്മിന്റൺ കളിക്കാരനായി മാറാൻ സുവാൻസുവാന് കഴിയുമെന്ന് കോച്ച് ജിയാങ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ജിനാനിൽ നടന്ന 'ലിൻ ഡാൻ കപ്പ് ബാഡ്മിന്റൺ ഓപ്പണിന്റെ' വാർത്താ സമ്മേളനത്തിൽ വെച്ച് സുവാൻസുവാൻ തന്റെ പ്രിയതാരത്തെ നേരിൽ കണ്ടു. സുവാൻസുവാന്റെ കഥയറിഞ്ഞ് നേരത്തെ തന്നെ ജേഴ്സിയും ഷൂസും അയച്ചുനൽകിയിരുന്ന ലിൻ ഡാൻ, നേരിൽ കണ്ടപ്പോൾ അവനെ 'ലിറ്റില്‍ വാരിയര്‍' (കൊച്ചു പോരാളി) എന്ന് വിശേഷിപ്പിച്ചു. ഇരുവരും ചേർന്ന് കോർട്ടിൽ ഒരു സൗഹൃദ മത്സരവും കളിച്ചു.

> "ആശുപത്രിയിൽ നിന്നും ഞാൻ ജീവനോടെ പുറത്തുവന്ന സ്ഥിതിക്ക്, ഈ ശരീരത്തിന്റെ യജമാനൻ ആരാണെന്ന് എനിക്ക് കാണിച്ചുകൊടുക്കണം!" സുവാൻസുവാന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ കൊച്ചു ഫീനിക്സ് പക്ഷിയെന്നാണ് ലോകം ഇപ്പോൾ അവനെ വിശേഷിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363606/12-year-old-xuanxuan-who-suffered-97-burns-is-not-tired-on-the-badminton-court)