---
title: "റേഷൻ വിതരണം പഴയപടിയിലേക്ക്: രണ്ടുമാസത്തെ വിഹിതം ഒന്നിച്ചുനൽകുന്നത് ഭക്ഷ്യവകുപ്പ് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും പിൻവലിച്ചു"
english_title: "Food Department stops distributing two months' rations at once"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362910/food-department-stops-distributing-two-months-rations-at-once"
published_at: "2026-05-31T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd863d0978_ari.jpg"
keywords: ["Latest News", "Ration", "Alappuzha"]
---

# റേഷൻ വിതരണം പഴയപടിയിലേക്ക്: രണ്ടുമാസത്തെ വിഹിതം ഒന്നിച്ചുനൽകുന്നത് ഭക്ഷ്യവകുപ്പ് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും പിൻവലിച്ചു

> **Lead Summary:** **ആലപ്പുഴ: [ **സംസ്ഥാനത്ത് റേഷൻ കാർഡുടമകൾക്ക് രണ്ടുമാസത്തെ റേഷൻ വിഹിതം ഒന്നിച്ചുനൽകുന്ന രീതി ഭക്ഷ്യവകുപ്പ് നിർത്തലാക്കി. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് വിതരണം ചെയ്തപ്പോൾ പല താലൂക്കുകളിലും വിതരണ ശൃംഖല പൂർണ്ണമായും താളംതെറ്റിയിരുന്നു.

## Article Content

**ആലപ്പുഴ: [ **സംസ്ഥാനത്ത് റേഷൻ കാർഡുടമകൾക്ക് രണ്ടുമാസത്തെ റേഷൻ വിഹിതം ഒന്നിച്ചുനൽകുന്ന രീതി ഭക്ഷ്യവകുപ്പ് നിർത്തലാക്കി. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് വിതരണം ചെയ്തപ്പോൾ പല താലൂക്കുകളിലും വിതരണ ശൃംഖല പൂർണ്ണമായും താളംതെറ്റിയിരുന്നു.

ഇത് കണക്കിലെടുത്താണ് ജൂൺ മാസം മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം നൽകാൻ അധികൃതർ തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ ക്ഷാമമുണ്ടാകാതിരിക്കാൻ മൂന്നുമാസത്തെ ധാന്യം ഒന്നിച്ചുനൽകാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ, റേഷൻകടകളുടെ സംഭരണശേഷിക്കുറവ് ചൂണ്ടിക്കാട്ടി കേരളം ഇത് രണ്ടുമാസമായി ചുരുക്കുകയായിരുന്നു. എന്നിട്ടും പലയിടങ്ങളിലും ആവശ്യത്തിന് അരി എത്തിക്കുന്നതിൽ വീഴ്ചയുണ്ടാവുകയും കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത ആശയക്കുഴപ്പം രൂപപ്പെടുകയും ചെയ്തതോടെയാണ് സംസ്ഥാന സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്തിരിഞ്ഞത്.

നിലവിൽ ധാന്യശേഖരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് പുതിയ നിർദേശങ്ങളൊന്നും ഇല്ലാത്തതും വിതരണം പഴയപടി ഒരുമാസത്തേക്ക് മാത്രമാക്കാൻ കാരണമായി. ഇതോടൊപ്പം തന്നെ നീല കാർഡുടമകൾക്ക് നൽകിയിരുന്ന അധിക അരിവിഹിതവും സർക്കാർ നിർത്തലാക്കിയിട്ടുണ്ട്.

പതിവ് റേഷൻ വിഹിതത്തിന് പുറമേ ഏപ്രിൽ മാസത്തിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും വീതം അധിക അരി നീലക്കാർഡുകാർക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ മാസം മുതൽ പതിവ് റേഷൻ വിഹിതമായ നാലുകിലോ അരി മാത്രമേ ഇവർക്ക് ലഭിക്കുകയുള്ളൂ.

അതേസമയം, കാർഡുടമകൾക്കുള്ള ആട്ട വിഹിതം നിലവിലെ സ്റ്റോക്ക് അനുസരിച്ച് തുടർന്നും ലഭ്യമാക്കും. ഇതനുസരിച്ച് പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാല് പാക്കറ്റ് വരെയും, മഞ്ഞക്കാർഡിന് മൂന്ന് പാക്കറ്റും, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഒരുകിലോ വീതവും ആട്ട ലഭിക്കുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362910/food-department-stops-distributing-two-months-rations-at-once)