---
title: "മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്"
english_title: "Muslim League leader gives land to build a temple for Nagathara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359495/muslim-league-leader-gives-land-to-build-a-temple-for-nagathara"
published_at: "2026-05-15T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a069748b3aac_2.jpg"
keywords: []
---

# മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്

> **Lead Summary:** **തിരൂർ: [** മതസൗഹാർദവും മനുഷ്യത്വവുമാണ് ഏത് രാഷ്ട്രീയ പ്രവർത്തനത്തേക്കാളും വലുതെന്ന് സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്കർ.

## Article Content

**തിരൂർ: [** മതസൗഹാർദവും മനുഷ്യത്വവുമാണ് ഏത് രാഷ്ട്രീയ പ്രവർത്തനത്തേക്കാളും വലുതെന്ന് സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്കർ.

കേരളാധീശ്വരപുരം മൂലക്കൽ ചേന്ദംകുളങ്ങര തണ്ണീർ ഭഗവതീക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കുന്നതിനായി ഏകദേശം ആറു ലക്ഷം രൂപ വിലമതിക്കുന്ന തന്റെ രണ്ടേകാൽ സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകിയാണ് അദ്ദേഹം നാടിന് മാതൃകയായത്.

ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും നാഗത്തറ സ്ഥാപിക്കുന്നതിനുമായാണ് ഈ ഭൂമി കൈമാറിയത്. നാടിന്റെ ഒരുമയും നന്മയും നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഭൂമി കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

അസ്കർ മാഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതാദ്യമായല്ല നാട്ടുകാർ കാണുന്നത്. നാല് വർഷം മുൻപ് ഇതേ പ്രദേശത്തെ അങ്കണവാടി നിർമ്മാണത്തിനായി മൂന്ന് സെന്റ് ഭൂമിയാണ് അദ്ദേഹം നൽകിയത്.

തന്റെ മാതാവായ കുഞ്ഞിബീവിയുടെ സ്മാരകമായിട്ടാണ് ഈ അങ്കണവാടി അറിയപ്പെടുന്നത്. കൂടാതെ പിതാവ് സി.പി. അബൂബക്കറിന്റെ സ്മരണയ്ക്കായി നിർമ്മിച്ച റോഡിനായി മൂന്ന് സെന്റ് ഭൂമി അദ്ദേഹം നേരിട്ടും ഒൻപത് സെന്റ് ഭൂമി കുടുംബാംഗങ്ങളും വിട്ടുനൽകിയിരുന്നു.

സ്ത്രീ ശാക്തീകരണ രംഗത്തും സജീവമായ അദ്ദേഹം, 160 ഓളം സ്ത്രീകൾ അംഗങ്ങളായ 'വിമൺ ഗ്യാലക്സി' കാറ്ററിങ് യൂണിറ്റിന് അടുക്കള നിർമ്മിക്കാനും മുൻകൈ എടുത്തിട്ടുണ്ട്. നടക്കാവ് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കൂടിയായ അസ്കർ, ഭൂമിയുടെ രേഖകൾ ക്ഷേത്ര ഭാരവാഹി കെ. കുട്ടികൃഷ്ണന് കൈമാറി.

ചടങ്ങിൽ മഹല്ല് ഖാസി കുഞ്ഞാമു ഫൈസി, മൂലക്കൽ മഹല്ല് ഖത്തീബ് ആരിഫ് ഹുദവി, ക്ഷേത്ര പൂജാരി അശോകൻ ശ്രീകൃഷ്ണപുരം തുടങ്ങി മത-സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.

ഭേദചിന്തകൾക്കപ്പുറം മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിയുന്ന ഇത്തരം പ്രവർത്തനങ്ങളെ വലിയ ആദരവോടെയാണ് താനാളൂർ നിവാസികൾ കാണുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359495/muslim-league-leader-gives-land-to-build-a-temple-for-nagathara)