---
title: "പുതിയ സർക്കാർ കൈകൊടുക്കുമോ...? ഭരണം മാറിയ സാഹചര്യത്തിൽ 'പിഎം ശ്രീ' നടപ്പിലാക്കാൻ ഊർജിതമായി ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ"
english_title: "The central government says it will vigorously implement 'PM Shri' in the wake of the change in government."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357860/the-central-government-says-it-will-vigorously-implement-pm-shri-in-the-wake-of-the-change-in-government"
published_at: "2026-05-07T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc26dcc5d01_pm_shri.jpg"
keywords: []
---

# പുതിയ സർക്കാർ കൈകൊടുക്കുമോ...? ഭരണം മാറിയ സാഹചര്യത്തിൽ 'പിഎം ശ്രീ' നടപ്പിലാക്കാൻ ഊർജിതമായി ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ

> **Lead Summary:** തിരുവനന്തപുരം: പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതിയായ 'പിഎം ശ്രീ' നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമം തുടരും. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും.

## Article Content

തിരുവനന്തപുരം: പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതിയായ 'പിഎം ശ്രീ' നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമം തുടരും. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും.

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വലിയ പോരാട്ടമാണ് നടന്നിരുന്നത്. പദ്ധതി അംഗീകരിക്കാത്തതിനെത്തുടർന്ന് കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഇത് അധ്യാപകരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളെ ബാധിക്കുകയും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പിലാക്കണമെന്ന നിബന്ധനയും, വിദ്യാലയങ്ങളിൽ 'പിഎം ശ്രീ' ബ്രാൻഡിംഗ് വേണമെന്ന ആവശ്യവുമാണ് എൽഡിഎഫ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കേരളം ആരോപിച്ചിരുന്നു. എങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2025 ഒക്ടോബറിൽ മന്ത്രിസഭ അറിയാതെ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും, സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ എതിർപ്പിനെത്തുടർന്ന് പിന്നീട് അത് മരവിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357860/the-central-government-says-it-will-vigorously-implement-pm-shri-in-the-wake-of-the-change-in-government)