---
title: "ഊട്ടി യാത്രയ്ക്ക് പുതിയ നിയന്ത്രണം; മസിനഗുഡി വഴി പ്രവേശനമില്ല, പോകേണ്ടത് ഈ റൂട്ടിൽ"
english_title: "No entry through Masinagudi for Ooty Yatra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357033/no-entry-through-masinagudi-for-ooty-yatra"
published_at: "2026-05-03T14:47:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f71327497dd_16.jpg"
keywords: []
---

# ഊട്ടി യാത്രയ്ക്ക് പുതിയ നിയന്ത്രണം; മസിനഗുഡി വഴി പ്രവേശനമില്ല, പോകേണ്ടത് ഈ റൂട്ടിൽ

> **Lead Summary:** **[**വേനൽക്കാലം കടുത്തതോടെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഊട്ടിയിൽ മെയ് ഒന്ന് മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

## Article Content

**[**വേനൽക്കാലം കടുത്തതോടെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഊട്ടിയിൽ മെയ് ഒന്ന് മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നഗരത്തിലെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ പ്രകാരം ഊട്ടിയിലേക്കുള്ള പ്രവേശന പാതകളിലും മടക്കയാത്രയിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയായ മസിനഗുഡി വഴിയുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ നിരോധനമാണ്. കൂടാതെ, 12 സീറ്റിൽ കൂടുതൽ ഉള്ള വലിയ വാഹനങ്ങൾക്ക് ഊട്ടി നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാകില്ല; ഇവ നഗരത്തിന് പുറത്ത് നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ പാർക്ക് ചെയ്യേണ്ടി വരും.

പുതിയ ക്രമീകരണമനുസരിച്ച് സഞ്ചാരികൾ മേട്ടുപ്പാളയം - കൂനൂർ പാത വഴി വേണം ഊട്ടിയിലേക്ക് എത്തുവാൻ. എന്നാൽ മടക്കയാത്രയ്ക്കായി ഊട്ടി - കോത്തഗിരി - മേട്ടുപ്പാളയം പാതയാണ് ഉപയോഗിക്കേണ്ടത്.

കല്ലട്ടി ചുരത്തിലെ 36 ഹെയർപിൻ വളവുകൾ ഉൾപ്പെടുന്ന പാതയിലെ അപകടസാധ്യതയും തിരക്കും പരിഗണിച്ചാണ് മസിനഗുഡി വഴി വിനോദസഞ്ചാരികളെ വരാൻ അനുവദിക്കാത്തത്. എങ്കിലും തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് ഈ പാതയിൽ ഇളവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വനഭംഗി ആസ്വദിച്ചുള്ള മസിനഗുഡി യാത്ര റോഡ് ട്രിപ്പുകളെ പ്രണയിക്കുന്നവർക്ക് എന്നും പ്രിയപ്പെട്ടതാണ്. തെപ്പക്കാട് മുതൽ പച്ചപ്പണിഞ്ഞ കാട്ടുപാതയിലൂടെയുള്ള യാത്രയും മസിനഗുഡിയിലെ ഓഫ് റോഡ് ജീപ്പ് സഫാരിയുമൊക്കെ സഞ്ചാരികളെ ഏറെ ആകർഷിക്കാറുണ്ട്.

വന്യമൃഗങ്ങളെ കാണാൻ സാധ്യതയുള്ള ഈ പാതയും കല്ലട്ടി ചുരവും കാഴ്ചകളുടെ വസന്തമാണ് ഒരുക്കുന്നത്. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ ഈ റൂട്ട് വഴിയുള്ള പ്രവേശനത്തിന് തടസ്സമാകും.

വനമേഖലയിലൂടെയുള്ള യാത്രയായതിനാൽ കൈയ്യിൽ ആവശ്യത്തിന് പണം കരുതണമെന്നും ഗൂഡല്ലൂർ പിന്നിടും മുൻപ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഊട്ടിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർ ഈ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357033/no-entry-through-masinagudi-for-ooty-yatra)