---
title: "തിരഞ്ഞെടുപ്പിന് മുമ്പേ വിജയ്‌യുടെ പാർട്ടി ഒരു സീറ്റിൽ തോറ്റു; പത്രിക തള്ളി, പിന്നാലെ സ്ഥാനാർത്ഥിയെ കാണാനില്ല"
english_title: "vijay party loses one seat before the contest begins huge setback"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352278/vijay-party-loses-one-seat-before-the-contest-begins-huge-setback"
published_at: "2026-04-08T16:08:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d63093cf39a_tvk.jpg"
keywords: []
---

# തിരഞ്ഞെടുപ്പിന് മുമ്പേ വിജയ്‌യുടെ പാർട്ടി ഒരു സീറ്റിൽ തോറ്റു; പത്രിക തള്ളി, പിന്നാലെ സ്ഥാനാർത്ഥിയെ കാണാനില്ല

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** )** തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്നതിന് മുമ്പ് തന്നെ നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഒരു സീറ്റ് നഷ്‌ടമായി. ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞതാണ് വോട്ടെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ പാർട്ടിക്ക് തിരിച്ചടിയായത്.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** )** തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്നതിന് മുമ്പ് തന്നെ നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഒരു സീറ്റ് നഷ്‌ടമായി. ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞതാണ് വോട്ടെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ പാർട്ടിക്ക് തിരിച്ചടിയായത്.

എടപ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി അരുൺകുമാർ എമ്മിന്റെ പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. പത്രികയിൽ സ്ഥാനാർത്ഥിയെ പിന്താങ്ങുന്ന പത്തുപേരുടെ ഒപ്പുകൾ ആവശ്യമാണ്. എന്നാൽ, അരുൺകുമാറിന്റെ പത്രികയിൽ എട്ടുപേരുടെ ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. പകരം സ്ഥാനാർത്ഥിയായി പാർട്ടി സമർപ്പിച്ച നിത്യയുടെ പത്രികയും ഇതേ കാരണത്താൽ തള്ളി.

ഇതോടെ മുൻ മുഖ്യമന്ത്രിയും എഐഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ് ടിവികെ.മാത്രമല്ല, പത്രികകളുടെ സൂക്ഷ്‌മ പരിശോധനാ വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നതും സംശയങ്ങൾക്ക് കാരണമായി.

അരുൺകുമാറിനെ കാണാതായത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കി. സ്ഥാനാർത്ഥിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അരുൺകുമാറിന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, എടപ്പാടി മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികളായ എടപ്പാടി പളനിസ്വാമിയുടെയും ഡിഎംകെ സ്ഥാനാർത്ഥി സി കാശിയുടെയും പത്രികകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് ഫലം പുറത്തുവരിക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352278/vijay-party-loses-one-seat-before-the-contest-begins-huge-setback)