---
title: "കേരളം ചുട്ടുപൊള്ളുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്"
english_title: "Yellow alert in 11 districts; Meteorological Department issues cautionary advice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349061/yellow-alert-in-11-districts-meteorological-department-issues-cautionary-advice"
published_at: "2026-03-22T08:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf57963b2d0_4jpg.jpg"
keywords: []
---

# കേരളം ചുട്ടുപൊള്ളുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വേനൽചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ അധികം ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വേനൽചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ അധികം ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇതിനോടകം തന്നെ പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസും പുനലൂരിൽ 37.2 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവ കൂടാതെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. നിർജ്ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349061/yellow-alert-in-11-districts-meteorological-department-issues-cautionary-advice)