---
title: "'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ"
english_title: "Will strongly resist the violent politics being carried out by the CPM - VDSatheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344517/will-strongly-resist-the-violent-politics-being-carried-out-by-the-cpm-vdsatheesan-new-"
published_at: "2026-02-27T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12ddc6b00a_vdsathesan.jpg"
keywords: []
---

# 'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

> **Lead Summary:** **പത്തനംതിട്ട: ** സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ ശക്തമായ രീതിയിൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അക്രമങ്ങൾക്കെതിരെ ജനം തിരിച്ചടി നൽകുമെന്നും പറഞ്ഞ വിഡി സതീശൻ ചിന്ത ജെറോമിനെതിരെയും ആ‍ഞ്ഞടിച്ചു.

## Article Content

**പത്തനംതിട്ട: ** സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ ശക്തമായ രീതിയിൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അക്രമങ്ങൾക്കെതിരെ ജനം തിരിച്ചടി നൽകുമെന്നും പറഞ്ഞ വിഡി സതീശൻ ചിന്ത ജെറോമിനെതിരെയും ആ‍ഞ്ഞടിച്ചു.

ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും യഥാർത്ഥ സംസ്കാരമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.  തോടന്നൂരിൽ കെ എസ് യു നേതാവിന്റെ വീടിന് ബോംബ് എറിയുന്നു. കേരളം മുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പറയുന്നു.

ആരോ​ഗ്യമന്ത്രി പരിഹാസ കാഥാപാത്രമായി മാറിയിരിക്കുകയാണ്. സിപിഎം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കും അക്രമങ്ങൾക്കും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇതിനെ ശക്തമായി പ്രതിരോധിക്കും. വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ലെന്നും പച്ചക്കള്ളമാണ് പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് ആർക്ക് നേരെയും പ്രതിഷേധം നടത്താം എന്നും പറഞ്ഞു.

അതേസമയം ഇന്ന് പുലർച്ചെ കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞു. കോഴിക്കോട് തോടന്നൂരിലെ വീടിന്റെ ജനാലയുടെ ചില്ല് തകർന്നു. മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീടിന് നേരെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്.

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ പരാതിയിൽ കേസെടുത്തു. ഇന്ന് ഉച്ചവരെ തോടന്നൂർ ടൗണിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344517/will-strongly-resist-the-violent-politics-being-carried-out-by-the-cpm-vdsatheesan-new-)