---
title: " അധ്യാപകരായാൽ  ഇങ്ങനെ വേണം; വിദ്യാർത്ഥികളുടെ കലാ സ്വപ്നങ്ങൾക്ക് പണം കണ്ടെത്തിയത് ചിട്ടി നടത്തിയും കച്ചവടം ചെയ്തും"
english_title: "Madappally Govt. V.H. S.E teachers set an example by involving students in the State School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337117/madappally-govt-vh-se-teachers-set-an-example-by-involving-students-in-the-state-school-kalolsavam"
published_at: "2026-01-19T13:34:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696de5f084480_madappalli.jpg"
keywords: []
---

#  അധ്യാപകരായാൽ  ഇങ്ങനെ വേണം; വിദ്യാർത്ഥികളുടെ കലാ സ്വപ്നങ്ങൾക്ക് പണം കണ്ടെത്തിയത് ചിട്ടി നടത്തിയും കച്ചവടം ചെയ്തും

> **Lead Summary:** പണം അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ തടസമായില്ല. ചിട്ടി നടത്തിയും കച്ചവടം ചെയ്തും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മടപ്പള്ളി ഗവ. വി.എച്ച്. എസ്,ഇ അധ്യാപകർ മാതൃകയായി.

## Article Content

പണം അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ തടസമായില്ല. ചിട്ടി നടത്തിയും കച്ചവടം ചെയ്തും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മടപ്പള്ളി ഗവ. വി.എച്ച്. എസ്,ഇ അധ്യാപകർ മാതൃകയായി.

മടപ്പള്ളി ഗവ: സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എത്തിക്കുക എന്ന ലക്ഷ്യം അവർ ഏറ്റെടുത്തു.

ഇവിടുത്തെ അധ്യാപകർ പരസ്പരം പങ്കാളികളായി ചിട്ടി നടത്തിയും സ്കൂളിൽ നടക്കുന്ന സ്പോർട്സ്, ശാസ്ത്രമേള, കലോത്സവം, എന്നിങ്ങനെയുള്ള ദിവസങ്ങളിൽ ഭക്ഷണ സാധാനങ്ങൾ കച്ചവടം ചെയ്തും സാമ്പത്തികം കണ്ടെത്തിയാണ് തുടർച്ചയായി രണ്ടാം തവണയും മടപ്പള്ളി വിഎച്ച്എസ് ഇ വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളങ്ങിയത്.

ഗോത്രവർഗ്ഗ നൃത്തമായ പളിയനൃത്തത്തിൽ എ ഗ്രേഡ് നേടി ഈ മിടുക്കർ . ഗ്രൂപ്പ് ഇനത്തിൽ കുട്ടികളെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന് കണ്ടറിഞ്ഞ അധ്യാപകർ ഇങ്ങനെയുള്ള മാർഗ്ഗം സ്വീകരിച്ചത്.

സബ് ജില്ലയിലും ജില്ലയിലും അപ്പീലിലൂടെ വന്നാണ് ഈ വർഷം സംസ്ഥാന സ്കൂൾ തലത്തിൽ മടപ്പള്ളിയുടെ മിടുക്കർ മികവ് തെളിയിച്ചത്.

ഗോത്രകലയുടെ തനിമയും താളവും, ഈണവും പൂർണമായും നിലനിർത്തി കൊണ്ടാണ് കുട്ടികൾ വേദിയിൽ നിറഞ്ഞാടിയത്. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങൾ മുളയിലും മരത്തിലും നിർമ്മിച്ചെടുത്തത് വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ഇടുക്കി ജില്ലയിലെ കുമളിയിലെ യഥാർത്ഥ പളിയ കലാകാരൻമാരുടെ മാർഗനിർദേശമനുസരിച്ച് ,

ഈ വിദ്യാലയത്തിലെ അധ്യാപകരായ പ്രവീൺ ജ്യോതി, പ്രശാന്ത് വരവൂർ, ഓഫീസ് അറ്റൻഡൻ്റ് എൽ.വി ബാബു എന്നിവരാണ് നൃത്തം പരിശീലിപ്പിച്ചത്.

രാഖി, ആതിര എന്നീ അധ്യാപികമാരാണ് കുട്ടികളെ അണിയിച്ചൊരുക്കിയത്. പ്രിൻസിപ്പാൾ സിജു സാറിൻ്റേയും എല്ലാ അധ്യാപകരുടെയും പൂർണ പിന്തുണയോടെയുള്ള മാസങ്ങളുടെ പരിശ്രമമാണ് കലോത്സവ വേദിയിൽ പൂവണിഞ്ഞത്.

ചിത്തിര മാസത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി, കുലദേവതയായ ഏളാത്ത് പളിച്ചിയമ്മയുടെ നടയിൽ പളിയ വിഭാഗക്കാർ അവതരിപ്പിക്കുന്ന ആരാധനാ നൃത്തമാണ് പളിയ നൃത്തം.

മഴ ലഭിക്കാനും, നല്ല വിളവ് ലഭിക്കാനും, രോഗശമനത്തിനും വേണ്ടിയാണ് ഈ നൃത്തം അവതരിപ്പിക്കുന്നത് എന്നതാണ് വിശ്വാസം.

പ്രകൃതിയേയും ദേവതകളേയും സ്തുതിയ്ക്കുന്ന 9 ഖണ്ഡങ്ങൾ ഉൾപ്പെടുന്ന ഈ നൃത്തത്തിൻ്റെ ആദ്യഭാഗം ഭക്തിയോടെയും, പിന്നീടുള്ള ഭാഗം ഉല്ലാസ ത്തോടെയും കളിക്കുന്നു. ദേവിയെ സ്തുതിച്ചു തൊഴുതു വണങ്ങിയാണ് നൃത്തം അവസാനിപ്പിക്കുന്നത്.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ് ആഭരണങ്ങളും, വാദ്യോപകരണങ്ങളും നിർമ്മിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337117/madappally-govt-vh-se-teachers-set-an-example-by-involving-students-in-the-state-school-kalolsavam)