---
title: "രണ്ടാം ദിനം കണ്ണൂർ മുന്നിൽ; കപ്പ് വിട്ടുതരില്ലെന്ന വാശിയിൽ മത്സരങ്ങൾ മുറുകിവരുന്നു"
english_title: "State School Kalolsavam 2026, second day in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336457/state-school-kalolsavam-2026-second-day-in-kannur-new"
published_at: "2026-01-15T12:07:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69688b47ba811_kalolsavam.jpg"
keywords: []
---

# രണ്ടാം ദിനം കണ്ണൂർ മുന്നിൽ; കപ്പ് വിട്ടുതരില്ലെന്ന വാശിയിൽ മത്സരങ്ങൾ മുറുകിവരുന്നു

> **Lead Summary:** ** **64-ാമത് കേരള സ്കൂ‌ൾ കലോത്സവം സാംസ്‌കാരിക തലസ്ഥാനത്ത് പൊടിപൊടിക്കുകയായണ്. ആദ്യ ദിനം തന്നെ 117.5 പവൻ സ്വർണകപ്പിനായി വാശിയേറിയ പോരാട്ടമാണ് നടന്നത്.

## Article Content

** **64-ാമത് കേരള സ്കൂ‌ൾ കലോത്സവം സാംസ്‌കാരിക തലസ്ഥാനത്ത് പൊടിപൊടിക്കുകയായണ്. ആദ്യ ദിനം തന്നെ 117.5 പവൻ സ്വർണകപ്പിനായി വാശിയേറിയ പോരാട്ടമാണ് നടന്നത്.

രണ്ടാം ദിനം ജില്ലകൾ തമ്മിൽ ഒരോ ഇനവും കഴിയും തോറും മത്സരം മുറുകിവരുന്നു. 249 മത്സര വിഭാഗങ്ങളിൽ 58 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. 63 ഇനങ്ങളുടെ മത്സര ഫലം പുറത്തുവന്നു.

ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 101 മത്സര ഇനങ്ങളാണ് ഉള്ളത് ഇതിൽ 28 എണ്ണം പൂർത്തിയായി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ആകെ യുള്ള 110 മത്സര ഇനങ്ങളിൽ 21 എണ്ണം അരങ്ങേറി.

അറബിക്, സംസ്കൃ‌ത കലോത്സവങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ട്. അറബിക് കലോത്സവത്തിൽ ആകെ 19 ഇനങ്ങളുണ്ട്. ഇതിൽ 4 ഇനങ്ങൾ പൂർത്തിയായി. സംസ്‌കൃത കലോത്സവം 19 മത്സര ഇനങ്ങളിൽ 5 എണ്ണം പൂർത്തിയായി.

കപ്പ് വിട്ടുതരില്ലെന്ന വാശിയിൽ രണ്ടാം ദിനം 250 പോയിന്റുകളുമായി കണ്ണൂരാണ് മുന്നിൽ. വീറും വാശിയും ഒട്ടും കുറയാതെ 248 പോയിന്റുകളുമായി കോഴിക്കോട് തൊട്ട് പിന്നാലെയുണ്ട്. രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ 246 പോയിന്റോടെ തൃശൂരും മുന്നേറുന്നു. പാലക്കാടും(238), തിരുവനന്തപുരവും (237) യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.

സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂൾ 58 പോയിൻ്റുകളോടെ ഒന്നാം സ്ഥാനത്താണ്. 70 പോയിൻ്റുകളുമായി പത്തനംതിട്ട കിടങ്ങന്നൂർ എസ് ‌വിജിവിഎച്ച്എസ്എസ് 38 പോയിന്റുകളുമായി രണ്ടാംസ്ഥാത്ത് മുന്നേറുന്നു.

കണ്ണൂർ സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് ( 30), ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് (28) സ്‌കൂളുകൾ തൊട്ടുപിന്നാലെയുണ്ട്.  വരും ദിവസങ്ങളിൽ മത്സരം വാശിയേറും. ഇത്തവണ ശക്തന്റെ മണ്ണില്‍ ആരാണ് സ്വര്‍ണ കപ്പുയര്‍ത്തുക എന്ന കാര്യമാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അത് കാത്തിരുന്ന് കാണാം. എന്നാല്‍ 101 പവന്‍ തൂക്കം വരുന്ന സ്വര്‍ണകപ്പിന് അധികമാര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്.

1985 കൊച്ചിയില്‍ രജതജൂബിലി കലോത്സവം നടക്കുമ്പോള്‍ മത്സരങ്ങള്‍ കാണുവാന്‍ എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയകവി വൈലോപ്പള്ളി ശ്രീധര മേനോന്‍. അന്ന് അതേസമയത്ത് തന്നെ നെഹ്റു ട്രോഫി സ്വര്‍ണ്ണക്കപ്പിനുള്ള ഫുട്ബോളും കൊച്ചിയില്‍ നടക്കുന്നത്.

അവിടെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള കാല്‍പ്പന്ത് ആവേശം മനസിലാക്കിയ വൈലോപ്പള്ളിയുടെ മനസില്‍ കലയ്ക്ക് വേണ്ടിയും ഒരു സ്വര്‍ണ്ണ കിരീടം വേണം എന്ന ചിന്ത ഉദിച്ചു. ഇത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബുമായി വൈലോപ്പള്ളി പങ്കുവച്ചു. കവിയുടെ ആശയം മന്ത്രിക്കും ബോധിച്ചു.

അടുത്തകൊല്ലം പക്ഷേ ഈ ആശയം നടപ്പിലായില്ല. തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് വ്യാപകമായ ഒരു സംഭാവന പിരിവ് തന്നെ നടന്നു. കപ്പിന്റെ രൂപകല്‍പ്പന നടത്തിയത് ചിത്രകാരനായ ചിറയന്‍കീഴ് ശ്രീധരനാണ്. വിദ്യ, കല, നാദം എന്നിവയെ പ്രതിനിധികരിക്കുന്ന രീതിയിലായിരുന്ന സ്വര്‍ണ്ണകിരീടത്തിന്റെ രൂപകല്‍പ്പന.

ഈട്ടിയില്‍ തീര്‍ത്ത പീഠത്തിന് മുകളില്‍ ഗ്രന്ഥവും അതിനുമേല്‍ വളയിട്ട കൈയ്യില്‍ വലംപിരിശംഖും ചിത്രീകരിച്ചതാണ് കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ കിരീടം. 18 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയും ഉണ്ട് സ്വര്‍ണ്ണ കിരീടത്തിന്.

1987 ല്‍ പത്തനംതിട്ടയിലെ ഷാലിമാര്‍ ജ്വല്ലറിയാണ് ഈ കപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എടുത്തത്. പിന്നീട് കൊയമ്പത്തൂരിലെ മുത്തുസ്വാമി കോളനിയിലെ ടി വരദരാജനും, വി ദണ്ഡപാണിയും അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം എടുത്താണ് ഇത്തരത്തില്‍ ഒരു സ്വര്‍ണ്ണകിരീടം ഉണ്ടാക്കിയത്.

എന്നാല്‍ സ്വര്‍ണ്ണകിരീടം ആദ്യമായി ഏര്‍പ്പെടുത്തിയ 1987ലെ കോഴിക്കോട് കലോത്സവത്തില്‍ തന്നെ വിവാദമുണ്ടായി. വിദ്യഭ്യാസ മന്ത്രി ടി.എം.ജേക്കബിന്റെ പേര് അതില്‍ എഴുതിയതാണ് വിവാദമായത്. 1988 ല്‍ കൊല്ലത്ത് എത്തിയപ്പോള്‍ ഇത് മായിച്ചു കളഞ്ഞാണ് വിജയികള്‍ക്ക് കപ്പ് സമ്മാനിച്ചത്.

17 തവണ ഈ കപ്പ് നേടിയ കോഴിക്കോട് ആണ് ഏറ്റവും തവണ സ്വര്‍ണ്ണകിരീടം കൊണ്ടുപോയത്. അതില്‍ തന്നെ അമ്പതാം കലോത്സവത്തിന്റെ സമയത്ത് പിടിവലിയില്‍ കപ്പ് ഒടിഞ്ഞതും കോഴിക്കോട് വച്ച് തന്നെ. ഇപ്പോഴും ഒരു ജില്ലാടീമിന് കിരീടം ലഭിച്ചാല്‍ അത് ഒരു ദിവസം മാത്രമേ ആ ടീമിന് കൂടെ ഉണ്ടാകൂ. പിന്നീട് ജേതാക്കളായ ജില്ലയുടെ ട്രഷറിയില്‍ അത് സൂക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336457/state-school-kalolsavam-2026-second-day-in-kannur-new)