---
title: "വടക്കൻ തദ്ദേശപ്പോര്; പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം"
english_title: "local body election 2025 Kotikkalasham is full of excitement as the advertising campaign concludes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330277/local-body-election-2025-kotikkalasham-is-full-of-excitement-as-the-advertising-campaign-concludes"
published_at: "2025-12-09T18:23:00+05:30"
category: "local body election kerala 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69381bde14187_election_champaign.jpg"
keywords: []
---

# വടക്കൻ തദ്ദേശപ്പോര്; പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തെരഞ്ഞെടുപ്പ്‌ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് വടക്കൻ കേരളത്തിൽ ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം. രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്‌ച പ്രവർത്തകർ ഏറെ ആവേശത്തോടെ കെട്ടിക്കലാശത്തിൽ പങ്കെടുത്തു. ബുധനാഴ്‌ച നിശബ്ദപ്രചാരണമാണ്‌.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തെരഞ്ഞെടുപ്പ്‌ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് വടക്കൻ കേരളത്തിൽ ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം. രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്‌ച പ്രവർത്തകർ ഏറെ ആവേശത്തോടെ കെട്ടിക്കലാശത്തിൽ പങ്കെടുത്തു. ബുധനാഴ്‌ച നിശബ്ദപ്രചാരണമാണ്‌.

കണ്ണൂർ ജില്ലയിൽ 14, കാസർകോട്‌ ഒന്ന് എന്നിങ്ങനെ 15 വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് എൽഡിഎഫ്. വികസനവും ക്ഷേമവും തന്നെയാണ്‌ എൽഡിഎഫിന്റെ പ്രചാരണവിഷയം. അതേസമയം ശബരിമല സ്വർണക്കൊള്ള പ്രധാന വിഷയമാക്കിയാണ് യുഡിഎഫിന്റെ വോട്ട് ശേഖരണം.

470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ്‌ ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. മലപ്പുറത്ത്‌ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ്‌ സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചിട്ടുണ്ട്‌. കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പൽ ക‍ൗൺസിലിന്റെ കാലാവധി 2027 സെപ്‌തംബർ 10വരെയായതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ. ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരിക്കുകയാണ്. എറണാകുളത്താണ് ഏറ്റവും കൂടുതൽ പോളിങ്(73.16ശതമാനം). ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്തും(65.74ശതമാനം). കൊല്ലം(69.11), പത്തനംതിട്ട(65.78), കോട്ടയം(69.50), ഇടുക്കി(70.00), ആലപ്പുഴ(72.57) ഇങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.

പല പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. വൈകീട്ട് ആറുമണി വരെയാണ് ​വോട്ടെടുപ്പ്. എങ്കിലും ആറുമണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്.

മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330277/local-body-election-2025-kotikkalasham-is-full-of-excitement-as-the-advertising-campaign-concludes)