---
title: "‘മകനെതിരായ ഇ.ഡി നോട്ടീസിൽ മുഖ്യമന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല’; ജനത്തിന് മറുപടിയാണ് വേണ്ടതെന്ന് വി.ഡി. സതീശൻ"
english_title: "vd satheesan says people need chief ministers response on ed notice against-son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320555/vd-satheesan-says-people-need-chief-ministers-response-on-ed-notice-against-son"
published_at: "2025-10-14T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee1e41a43b9_ytyy.jpg"
keywords: []
---

# ‘മകനെതിരായ ഇ.ഡി നോട്ടീസിൽ മുഖ്യമന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല’; ജനത്തിന് മറുപടിയാണ് വേണ്ടതെന്ന് വി.ഡി. സതീശൻ

> **Lead Summary:** **കാസര്‍ഗോഡ് : ( **[www.truevisionnews.com]** ) **മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ (തിങ്കളാഴ്ച) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇഡി നോട്ടീസ് വിവാദത്തില്‍ വളരെ വൈകാരികമായാണ് സംസാരിച്ചതെന്നും എന്നാല്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈകാരികതയുടെ ഇടയില്‍ മറുപടി പറഞ്ഞില്ല.

## Article Content

**കാസര്‍ഗോഡ് : ( **[www.truevisionnews.com]** ) **മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ (തിങ്കളാഴ്ച) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇഡി നോട്ടീസ് വിവാദത്തില്‍ വളരെ വൈകാരികമായാണ് സംസാരിച്ചതെന്നും എന്നാല്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈകാരികതയുടെ ഇടയില്‍ മറുപടി പറഞ്ഞില്ല.

പ്രതിപക്ഷം പ്രതികരിച്ചതിലാണ് അദ്ദേഹത്തിന് പ്രശ്‌നം. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തു എന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എംഎ ബേബി വരെ പ്രതികരിച്ചു. പിന്നെയാണോ എന്നും സതീശന്‍ ആരാഞ്ഞു.

വിഷയം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു. ലൈഫ് മിഷന്‍ കേസിലാണോ ലാവ്‌ലിന്‍ കേസിലാണോ ഏത് കേസിലാണ് നോട്ടീസ് അയച്ചതെന്ന് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടത്. കാരണം ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യാണ് സ്ഥിരീകരിച്ചത് ഇങ്ങനൊരു നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന്.

ഇഡി കേന്ദ്ര ഏജന്‍സിയാണ്. അവര്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത് ഇഡിയാണ്. അത് എന്ത് കാര്യത്തിനാണെന്ന് സ്ഥിരീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായല്ല പറയേണ്ടത്. അതല്ല കേരളത്തിന് കേള്‍ക്കാന്‍ താല്‍പര്യം, സതീശന്‍ പറഞ്ഞു.

വാര്‍ത്ത വരുമ്പോള്‍ ഞാന്‍ പ്രതികരിക്കേണ്ടേ?. പ്രതികരിക്കണമല്ലോ. അതിന് അദ്ദേഹം നമ്മളെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നുംവേണ്ട. അതൊക്കെ എംഎ ബേബിയുടെ അടുത്തുമതി. എന്റെ അടുത്തുവേണ്ട- സതീശന്‍ പറഞ്ഞു. ഇഡി ഒരു നോട്ടീസ് കൊടുത്താല്‍ അതിന് തുടര്‍ നടപടി ക്രമങ്ങളുണ്ട്. എവിടെവെച്ചാണ് അത് നിന്നുപോയത്. ഏത് സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് അത് നിന്നുപോയത്. ഏത് അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ് നിന്നുപോയത്. എവിടെവെച്ചാണ് ഈ അന്വേഷണം വേണ്ടാ എന്ന് തീരുമാനിക്കപ്പെട്ടത്, സതീശന്‍ ആരാഞ്ഞു.

ഇനി അതുമായി മുന്നോട്ടുപോകേണ്ട എന്ന് ഇഡിക്ക് മുകളില്‍നിന്ന് നിര്‍ദേശം വന്നു എന്നാണ് താന്‍ അറിഞ്ഞത്. അനൗദ്യോഗികമായി അറിഞ്ഞ കാര്യമാണിത്. ശരിയാണോ എന്ന് അറിയില്ല. അക്കാര്യം വ്യക്തമാക്കേണ്ടത് ഇഡിയാണ്. ആര് ഇടപെട്ടാണ് തുടര്‍നടപടി ഇല്ലാതാക്കിയെന്നതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി അത് വ്യക്തമാക്കില്ല എന്ന് നമുക്ക് മനസ്സിലായി. ഇതൊഴിച്ച് എല്ലാത്തിനും അദ്ദേഹം മറുപടി പറഞ്ഞെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ബിജെപിയോ കേന്ദ്രസര്‍ക്കാരോ ശ്രമിക്കുന്നു എന്നാണോ എന്ന ചോദ്യത്തിന്-ഉറപ്പായും എന്നായിരുന്നു വിഡി സതീശന്റെ മറുപടി. പ്രതിപക്ഷത്തിന് അങ്ങനെ ഒരു ആരോപണമുണ്ട്. എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയിലായിട്ട് എത്ര വര്‍ഷമായി. കേസ് എടുക്കുന്ന ദിവസം സിബിഐ വക്കീലിന് പനിവരും. കോടതിയില്‍ ഹാജരാകില്ല. 35 പ്രാവശ്യമോ മറ്റോ ആണ് മാറ്റിവെച്ചത്. വേറെ ഏതെങ്കിലും പാവപ്പെട്ടവനോ മറ്റോ ആണെങ്കിലോ. സിബിഐ കൊടുത്തിരിക്കുന്ന അപ്പീലാണ്. സിബിഐക്ക് യാതൊരു താല്‍പര്യവുമില്ല. അപ്പോള്‍ അക്കാര്യം പ്രതിപക്ഷം പറയേണ്ടേ എന്നും സതീശന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320555/vd-satheesan-says-people-need-chief-ministers-response-on-ed-notice-against-son)