---
title: "വെറുംവയറ്റില്‍ പഴം കഴിക്കുന്നത് അപകടം, ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം"
english_title: "Eating fruit on an empty stomach is dangerous you should definitely pay attention to these things"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320017/eating-fruit-on-an-empty-stomach-is-dangerous-you-should-definitely-pay-attention-to-these-things"
published_at: "2025-10-11T14:22:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea1b0d3ce99_jjjj.jpg"
keywords: []
---

# വെറുംവയറ്റില്‍ പഴം കഴിക്കുന്നത് അപകടം, ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം

> **Lead Summary:** ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. പോഷകങ്ങളാൽ സമ്പുഷ്ടമായ ഇത് പല രീതിയിൽ ആണ് ആളുകൾ കഴിക്കുന്നത്. എന്നാൽ ഇത് വെറും വയറ്റിൽ കഴിക്കാമോയെന്ന സംശയം പലർക്കുമുണ്ട്. വെറും വയറ്റിൽ ഇവ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നത്. അതിന് അവർ ചില കാര്യങ്ങൾ കൂടി പറയുന്നുണ്ട്.

## Article Content

ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. പോഷകങ്ങളാൽ സമ്പുഷ്ടമായ ഇത് പല രീതിയിൽ ആണ് ആളുകൾ കഴിക്കുന്നത്. എന്നാൽ ഇത് വെറും വയറ്റിൽ കഴിക്കാമോയെന്ന സംശയം പലർക്കുമുണ്ട്. വെറും വയറ്റിൽ ഇവ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നത്. അതിന് അവർ ചില കാര്യങ്ങൾ കൂടി പറയുന്നുണ്ട്.

പഴുത്ത ഏത്തപ്പഴത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. കാരണം, അവയിലെ പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) ആണ്. ഒഴിഞ്ഞ വയറ്റിൽ ഒറ്റയ്ക്ക് കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് മന്ദതയ്ക്കും വിശപ്പിനും കാരണമാകും

> ഏത്തപ്പഴത്തിൽ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒഴിഞ്ഞ വയറ്റിൽ അസിഡിറ്റി വർധിപ്പിക്കും. “ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ ഡൈജസ്റ്റീവ് സെൻസിറ്റിവിറ്റി എന്നിവയ്ക്ക് സാധ്യതയുള്ള ആളുകൾക്ക് ഇത് പ്രശ്നമുണ്ടാക്കാം,” ഗോയൽ പറഞ്ഞു.

പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപ്പഴത്തിൽ കൂടുതലാണ്. എന്നിരുന്നാലും, രാവിലെ ഏത്തപ്പഴം മാത്രമായി കഴിക്കുന്നത് രക്തത്തിൽ ഈ ധാതുക്കളുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അസ്വസ്ഥതയ്ക്ക് കാരണമാകും.

ചിലർക്ക്, വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ നാരുകളുടെ അളവ് കാരണം നേരിയ വയറുവേദനയ്‌ക്കോ കാരണമാകും. രാവിലെ ഏത്തപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, പ്രോട്ടീൻ അല്ലെങ്കിൽ നട്‌സ്, സീഡ്സ്, യോഗർട്ട്, ഓട്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാം. രണ്ടോ അതിലധികമോ ഏത്തപ്പഴം ഒറ്റയടിക്ക് കഴിക്കരുത്. എപ്പോഴും അളവിന്റെ കാര്യം ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320017/eating-fruit-on-an-empty-stomach-is-dangerous-you-should-definitely-pay-attention-to-these-things)