കോഴിക്കോട് : ( www.truevisionnews.com ) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസിന്റെ വലയിലായി.
ജൂലൈ 16നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് തിരിച്ചെത്തിയപ്പോള്‍ ഒരു കിലോ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസും ഡാന്‍സഫും ചേര്‍ന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് കസ്റ്റഡിയിലെടുത്തു. ഒപ്പം സൂര്യയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാനായി എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളെയും.
.gif)

അലി അക്ബര്‍, മുഹമ്മദ് റാഫി, ഷഫീര്‍ സിപി എന്നിവരാണ് പ്രതികള്‍. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. യുവതി ക്യാരിയര്‍ മാത്രമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒമാനിലുള്ള കണ്ണൂര്‍ സ്വദേശി നൗഫല്‍ ആണ് എംഡിഎംഎ കൊടുത്തയച്ചത്. യുവതിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റിയ ശേഷം അവരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കാന്‍ ആയിരുന്നു തിരൂരങ്ങാടി സ്വദേശികള്‍ക്കുള്ള നിര്‍ദ്ദേശം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരുന്നു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടികൂടിയിരിക്കുന്നത്.
Massive drug bust at Karipur airport; Woman arrested with one kg of MDMA
