തൃശ്ശൂർ: (truevisionnews.com) നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പതിനഞ്ചുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
.gif)

സംസ്ഥാനത്ത് അടുത്തിടെയായി നിപയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു.വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 4 മുതൽ 14 ദിവസം വരെ എടുക്കാം രോഗം മൂർച്ഛിക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം), ശ്വാസതടസ്സം, സ്ഥലകാലബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം എന്നിവ ഉണ്ടാകാം.
ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.നിപ വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകാറുള്ളത്. രോഗിയുടെ ശരീരത്തിലെ ജലാംശം നിലനിർത്തുക, ശ്വാസമെടുക്കാൻ സഹായിക്കുക തുടങ്ങിയ പരിചരണങ്ങളാണ് പ്രധാനമായും നൽകുന്നത്. റിബവിരിൻ, ഫാവിപിരാവിർ, റെംഡെസിവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. മോണോക്ലോണൽ ആന്റിബോഡിയും ചികിത്സയിൽ ഉപയോഗിച്ചു വരുന്നുണ്ട്
Nipah virus Test result of 15 year old girl from Perinthalmanna negative
