(truevisionnews.com) കൈകളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ നഖങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഖം പൊട്ടി പോകുക, നിറവ്യത്യസം തുടങ്ങിയ പ്രശ്‌നങ്ങൾ നഖങ്ങളുടെ ഭംഗി ഇല്ലാതാക്കും. പോഷക കുറവ്, രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ അമിത ഉപയോഗം, വെള്ളവുമായി അമിത സമ്പർക്കം എന്നിവയെല്ലാം നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.
അതിനാൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനും നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നിങ്ങൾ നഖം വളർത്തുന്നവരാണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
.gif)

നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക
നഖങ്ങളുടെ അടിയിൽ അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് രോഗാണുക്കൾ പെരുകുന്നതിന് കാരണമാകും. നഖങ്ങളും അതിനുചുറ്റുമുള്ള ചർമ്മവും ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് പതിവായി വൃത്തിയാക്കുക. നഖങ്ങൾ വൃത്തിയാക്കാൻ മൃദലമായ ബ്രഷ് ഉപയോഗിക്കാം.
നഖം മുറിക്കുമ്പോൾ ശ്രദ്ധിക്കുക
നഖം ഒരുപാട് നീട്ടി വളർത്തുന്നത് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ, ആവശ്യത്തിനനുസരിച്ച് നഖങ്ങൾ മുറിക്കുക. നഖം മുറിക്കുമ്പോൾ അരികുകൾ ഒരുപാട് വൃത്താകൃതിയിൽ മുറിക്കരുത്. ഇത് നഖം ഉള്ളിലേക്ക് വളരുന്നതിന് കാരണമാകും. നഖം വെട്ടാൻ മൂർച്ചയുള്ള നെയിൽ ക്ലിപ്പറോ കത്രികയോ ഉപയോഗിക്കുക.
നഖങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
നെയിൽ പോളിഷ്, നെയിൽ റിമൂവർ എന്നിവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നഖങ്ങൾക്ക് ദോഷകരമാകാത്തവയാണോ എന്ന് ശ്രദ്ധിക്കുക. നെയിൽ പോളിഷ് പതിവായി ഉപയോഗിക്കുന്നത് നഖങ്ങൾക്ക് മഞ്ഞനിറം വരുത്താൻ സാധ്യതയുണ്ട്.
പോഷക സമൃദ്ധമായ ആഹാരം
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ബയോട്ടിൻ, വിറ്റാമിൻ ഇ , ഇരുമ്പ് എന്നിവ നഖങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പോഷകങ്ങളാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും നഖങ്ങൾ ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കും.
നഖം കടിക്കുന്ന ശീലം ഒഴിവാക്കുക
നഖം കടിക്കുന്നത് നഖങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഈ ശീലം ഒഴിവാക്കാൻ ശ്രമിക്കുക. ആരോഗ്യപരമായ പ്രശ്നങ്ങൾ ശ്രദ്ധിക്കുക. നഖങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങൾ, പാടുകൾ, പൊട്ടലുകൾ എന്നിവ ചിലപ്പോൾ ആരോഗ്യപരമായ പ്രശ്നങ്ങളുടെ സൂചനയാകാം. അങ്ങനെയുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യവും സൗന്ദര്യവുമുള്ള നഖങ്ങൾ നിലനിർത്താൻ സാധിക്കും.
nails need care tips for health
