കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് അപകടം. പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം . കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്.
തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.
.gif)

അതെസമയം മറ്റൊരു സംഭവത്തിൽ കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.
private bus collided with a scooter in Perambra, Kozhikode; a young man died tragically
