തൃശ്ശൂർ: ( www.truevisionnews.com )നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി ചികിത്സയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പതിനഞ്ച് വയസുകാരിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്.പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്തിടെയായി നാല് നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിപയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരത്ത് പ്രതികരിച്ചു.വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 4 മുതൽ 14 ദിവസം വരെ എടുക്കാം രോഗം മൂർച്ഛിക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം), ശ്വാസതടസ്സം, സ്ഥലകാലബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം എന്നിവ ഉണ്ടാകാം.
.gif)

ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.നിപ വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകാറുള്ളത്. രോഗിയുടെ ശരീരത്തിലെ ജലാംശം നിലനിർത്തുക, ശ്വാസമെടുക്കാൻ സഹായിക്കുക തുടങ്ങിയ പരിചരണങ്ങളാണ് പ്രധാനമായും നൽകുന്നത്. റിബവിരിൻ, ഫാവിപിരാവിർ, റെംഡെസിവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. മോണോക്ലോണൽ ആന്റിബോഡിയും ചികിത്സയിൽ ഉപയോഗിച്ചു വരുന്നുണ്ട്
Suspected to have Nipah ,Fifteen year old girl undergoing treatment at Thrissur Medical College
