( www.truevisionnews.com ) പരസ്പര സമ്മതവും നല്ല ആശയ വിനിമയവും പരസ്പര ബഹുമാനവും വൈകാരിക അടുപ്പവുമുള്ള പങ്കാളികള്‍ തമ്മിലുള്ള സംതൃപ്തമായ ലൈംഗിക ബന്ധമാണ് ആരോഗ്യകരമായ ലൈംഗികത. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇത് വൈകാരിക ക്ഷേമത്തിലും പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു ബന്ധത്തിലെ ആരോഗ്യകരവും ആഹ്ലാദകരവുമായ ലൈംഗികതയില്‍ അവശ്യംവേണ്ട ചേരുവകള്‍ ഇവയാണ്.
- സമ്മതം: പങ്കാളികള്‍ ഇരുവരും ഇഷ്ടത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. പരസ്പരം അതിരുകള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
- ആശയവിനിമയം: ആഗ്രഹങ്ങള്‍, അതിരുകള്‍, മുന്‍ഗണനകള്‍, ആശങ്കകള്‍ എന്നിവയെക്കുറിച്ച് പങ്കാളികള്‍ തമ്മില്‍ മനസ്സ് തുറന്ന് സംസാരിക്കുക. പരസ്പരം അത് ഉള്‍ക്കൊള്ളുക.
- പരസ്പര ബഹുമാനവും സമത്വവും: ലൈംഗികബന്ധം പങ്കാളിക്ക് സമ്മര്‍ദമോ നിര്‍ബന്ധമോ അടിച്ചേല്‍പ്പിക്കലോ ആയിത്തോന്നരുത്. വികാരങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയെല്ലാം തുല്യമായി വിലമതിക്കണം. ഇത് സംതൃപ്തമായ ലൈംഗികതയ്ക്ക് നിര്‍ണായകമാണ്.
- വൈകാരിക അടുപ്പം: വൈകാരിക അടുപ്പം ലൈംഗിക അനുഭവം വര്‍ധിപ്പിക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്യും. വൈവിധ്യവും വ്യത്യസ്തവും ആരോഗ്യകരവുമായ ലൈംഗികബന്ധങ്ങള്‍ പങ്കാളികള്‍ക്ക് വിരസതയകറ്റി സന്തോഷവും സംതൃപ്തിയും നിലനിര്‍ത്താന്‍ സഹായിക്കും.
- ശാരീരിക ക്ഷേമവും സുരക്ഷിതത്വവും: ലൈംഗിക ആരോഗ്യത്തെക്കുറിച്ചും പങ്കാളികള്‍ക്ക് അറിവുണ്ടായിരിക്കണം. ഇക്കാര്യത്തെക്കുറിച്ച്് ചര്‍ച്ച ചെയ്യുക, ആവശ്യമെങ്കില്‍ പരിശോധനകള്‍ നടത്തുക. ഇതുവഴി ശാരീരിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാവുന്നതാണ്.
- സംതൃപ്തി: ലൈംഗിക ആഗ്രഹങ്ങളിലും മുന്‍ഗണനകളിലും കാലക്രമേണ മാറ്റങ്ങള്‍ വന്നേക്കാം. സ്വകാര്യതകളും അതിരുകളും കിടപ്പുമുറിക്കകത്തും പുറത്തും പരസ്പരം മാനിക്കണം. പങ്കാളികള്‍ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികതയില്‍ ഏര്‍പ്പെടരുത്.
ലൈംഗിക അഭിലാഷത്തിലെ തടസ്സങ്ങള്‍: ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ആശയവിനിമയം ഇല്ലാത്തത് തെറ്റിദ്ധാരണകള്‍ക്കും അടുപ്പമില്ലായ്മയിലേക്കും നയിക്കാനിടയുണ്ട്. ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും ചിലപ്പോള്‍ ഇതിന് കാരണമാകാം. ഇത് ലൈംഗിക ആത്മവിശ്വാസത്തെയും ആസ്വാദനത്തെയും ബാധിക്കും. മുന്‍കാലത്തുണ്ടായ മാനസിക ആഘാതങ്ങളും ഇത്തരത്തില്‍ പ്രശ്‌നമാകാനിടയുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പങ്കാളിയുമായി ചര്‍ച്ചചെയ്യാനും തടസ്സമായി മാറാറുമുണ്ട്. അനാവശ്യമായ ലജ്ജയും മുന്‍ധാരണകളും ദമ്പതികളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും പരസ്പരം ഫാന്റസികള്‍ പങ്കിടുന്നതില്‍നിന്നും തടയും. അവിശ്വാസവും അസൂയയും ബന്ധത്തിനുള്ളില്‍ വൈകാരിക മുറിവുകള്‍ക്ക് ഇടവരുത്താം. മാത്രമല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും.
.gif)

സമ്മതം പ്രധാനം; ആരോഗ്യകരവും സംതൃപ്തവുമായ ലൈംഗികബന്ധം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അക്കാര്യം പങ്കാളികള്‍ പരസ്പരം മനസ്സില്‍ സൂക്ഷിക്കണം. പങ്കാളികള്‍ സമ്മതം എന്ന ആശയം പൂര്‍ണമായി മനസ്സിലാക്കുകയും എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും സമ്മതത്തോടെ ആണെന്ന് ഉറപ്പാക്കുകയും വേണം.
- പരസ്പരം അതിരുകളെ ക്കുറിച്ചുള്ള അവബോധവും അവയെ ബഹുമാനിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കണം.
- ഓരോരുത്തരുടെയും ആഗ്രഹങ്ങള്‍, അവരുടെ മുന്‍ഗണനകള്‍, ആശങ്കകള്‍, അതിരുകള്‍ എന്നിവയെക്കുറിച്ചുള്ള സത്യസന്ധമായ അറിവുകള്‍ തൃപ്തികരമായ ലൈംഗികബന്ധത്തിന്റെ താക്കോലാണ്.
- സെക്‌സില്‍ പങ്കാളികള്‍ ഇരുവരും പരസ്പര സന്തോഷത്തിനും സംതൃപ്തിക്കും മുന്‍ഗണന നല്‍കണം.
- ലൈംഗിക സുഖം പങ്കിടുന്നത് ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുന്നത് മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തും.
- വൈകാരികമായ അടുപ്പം ആനന്ദകരമായ ലൈംഗിക ബന്ധത്തിന് അനിവാര്യമാണ്. വൈകാരികമായ അടുപ്പം ഇല്ലെങ്കില്‍ അത് ലൈംഗികബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും.
- ലൈംഗികതയുടെ വൈകാരിക സ്വാധീനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും കിടപ്പുമുറിക്ക് പുറത്ത് വൈകാരിക ബന്ധം നിലനിര്‍ത്തുകയും ചെയ്യുക.
- ശരീരത്തെക്കുറിച്ചുള്ള പോസിറ്റിവിറ്റിയും ആത്മാഭിമാനവും വളര്‍ത്തുന്നത് പ്രധാനമാണെന്ന് മനസ്സിലാക്കുക.
- അഭിനന്ദനങ്ങളും പോസിറ്റീവ് ഫീഡ്ബാക്കും പങ്കാളിയുടെ ആത്മവിശ്വാസത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിഞ്ഞിരിക്കുക.
- ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം, പതിവ് പരിശോധനകള്‍, അനാവശ്യ ഗര്‍ഭധാരണങ്ങളും അണുബാധയും തടയുന്നതിന് സുരക്ഷിതമായ ലൈംഗികത പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം, സാധാരണ ലൈംഗിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ എന്നിവ മനസ്സിലാക്കുകയും ആവശ്യമുള്ളപ്പോള്‍ വൈദ്യോപദേശം തേടുകയും ചെയ്യുക.
- ലൈംഗിക ഫാന്റസികള്‍ സാധാരണമാണ്. ഫാന്റസികളും ആഗ്രഹങ്ങളും ചര്‍ച്ചചെയ്യുന്നത് പങ്കാളികള്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിലേക്ക് നയിക്കും.
- ലൈംഗിക മുന്‍ഗണനകളും ആഗ്രഹങ്ങളും കാലക്രമേണ മാറുമെന്ന് തിരിച്ചറിയുക.
- ലൈംഗിക ബന്ധത്തില്‍ വെല്ലുവിളികളോ ആശങ്കകളോ ഉണ്ടെങ്കില്‍ ദമ്പതികള്‍ പ്രൊഫഷണല്‍ സഹായം എപ്പോള്‍ തേടണമെന്ന് അറിഞ്ഞിരിക്കുക.
- സെക്‌സില്‍ പരസ്പര ആനന്ദവും ആസ്വാദനവും ലക്ഷ്യമിടുക. പങ്കാളികള്‍ക്ക് സംതൃപ്തിയും കരുതലും ഉണ്ടെന്ന് ഉറപ്പാക്കുക.
- ശുചിത്വത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നല്ല വ്യക്തിശുചിത്വം പരിശീലിക്കുന്നത് പങ്കാളികള്‍ക്ക് ലൈംഗികഅനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.
- പരസ്പര സഹകരണത്തോടെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക. അങ്ങനെ വ്യത്യസ്ത ലൈംഗിക അനുഭവങ്ങള്‍ നേടുക.
- ഒരു പ്രത്യേക ലൈംഗിക പ്രവര്‍ത്തനത്തില്‍ പങ്കാളിക്ക്് സുഖം ലഭിക്കുന്നുണ്ടെന്ന് ഒരിക്കലും കരുതരുത്. അക്കാര്യം ചോദിച്ച് മനസ്സിലാക്കുക.
- ഫോര്‍പ്ലേയ്ക്ക് ആവശ്യമായ സമയമെടുക്കുക. ശരിയായ ഉത്തേജനം ഇല്ലാതെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ തിരക്കുകൂട്ടുന്നത് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കാം.
- നിങ്ങളുടെ പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയോ അവരുടെ ശരീരത്തെക്കുറിച്ചോ ലൈംഗിക പ്രകടനങ്ങളെക്കുറിച്ചോ വിലയിരുത്തല്‍ നടത്തുകയോ ചെയ്യുന്നതും ഒഴിവാക്കുക.
- ദമ്പതികള്‍ക്ക് അവരുടെ ലൈംഗികാഭിലാഷങ്ങള്‍ പ്രകടിപ്പിക്കാനും സുഖകരമാക്കാനും വിശ്വസനീയവും സുരക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണ്.
- ശാരീരിക ആകര്‍ഷണം ലൈംഗിക സന്തോഷത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഈ ആകര്‍ഷണത്തിന് കാലക്രമേണ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് തിരിച്ചറിയണം. കടുത്ത സമ്മര്‍ദവും ക്ഷീണവും ലൈംഗിക താത്പര്യത്തെ ബാധിക്കും.
- മുന്‍കാല ലൈംഗിക ദുരനുഭവങ്ങള്‍ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരു വ്യക്തിയുടെ താത്പര്യത്തില്‍ ശക്തമായ സ്വാധീനം ചെലുത്താം.
- ബന്ധത്തിലെ വൈരുധ്യങ്ങള്‍, പൊരുത്തക്കേടുകള്‍, നിലവിലുള്ള പ്രശ്‌നങ്ങള്‍ എന്നിവ ലൈംഗികബന്ധത്തില്‍ പിരിമുറുക്കവും അസംതൃപ്തിയും സൃഷ്ടിക്കും.
- അറിവില്ലായ്മ, ലൈംഗിക ആരോഗ്യത്തെയും ലൈംഗിക പ്രവര്‍ത്തനത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെയും ധാരണയുടെയും അഭാവം എന്നിവ തെറ്റിദ്ധാരണകള്‍ക്കും യാഥാര്‍ഥ്യമല്ലാത്ത പ്രതീക്ഷകള്‍ക്കും ഇടയാക്കും.
- ചില രോഗാവസ്ഥകള്‍ അല്ലെങ്കില്‍ മരുന്നുകള്‍ എന്നിവ ലൈംഗിക വിരസതയിലേക്കും ലൈംഗികസംതൃപ്തി കുറയുന്നതിലേക്കും നയിച്ചേക്കാം. ബാഹ്യസമ്മര്‍ദങ്ങള്‍, സാമ്പത്തിക ആശങ്കകള്‍, കുടുംബപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ലൈംഗിക സന്തോഷത്തെ ബാധിച്ചേക്കാം.
Want to make sex more pleasurable?... Here are the things men and women need to know....!
