ദില്ലി: (truevisionnews.com) ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹൽഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്.

ഇന്ത്യ - പാക് ഡിജിഎംഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകൾ സഹിതം അടുത്തയാഴ്ച യുഎൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാകും.
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള നാലാം രാത്രിയും അതിർത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിർത്തി മേഖലകളിൽ സംഘർഷമുണ്ടായിട്ടില്ല. എവിടെയും ഡ്രോൺ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോർട്ടില്ല.
first Union Cabinet meeting after India-Pakistan ceasefire agreement came effect today.
