കാഞ്ഞിരപ്പള്ളി: (truevisionnews.com) ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട സംഭരിക്കുന്നത്. ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.

സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു കിലോ ചിരട്ടക്ക് നാട്ടിൻപുറത്തെ ആക്രിക്കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടുനിന്നും തമിഴ്നാട്ടിൽനിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടുപോകുന്നത്. കാഞ്ഞിരപ്പള്ളിയിലെ ആക്രിക്കടകളിൽനിന്ന് ഒരു മാസം നാല് ലോഡ് ചിരട്ട വരെ കയറ്റിയയക്കുന്നു.
തമിഴ്നാട്ടിൽ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്.
കൗതുകവസ്തുവായി ഓൺലൈനിൽ വാങ്ങാൻ ലഭിക്കുന്ന പോളിഷ് ചെയ്ത രണ്ട് ചിരട്ടകൾക്ക് 349 രൂപയാണ് വില. ചിരട്ട ഷെൽ കപ്പിന് ഒരെണ്ണത്തിനാകട്ടെ 1250 രൂപ മുതലാണ് വില. ഇവയെല്ലാം വ്യവസായിക അടിസ്ഥാനത്തിൽ ചിരട്ടക്ക് ആവശ്യക്കാർ ഏറുന്നതിന് കാരണമാകുന്നു.
Price of one kilo coconut shell
