കോട്ടയം: (www.truevisionnews.com) ഗവ. നഴ്‌സിങ് കോളജ് ഹോസ്റ്റലിലെ റാഗിങ് കേസിൽ പ്രതികളായ അഞ്ച് പേരേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഗാന്ധിനഗര്‍ പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ അപേക്ഷ നൽകിയിരുന്നു.

മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
അഞ്ചു വിദ്യാർഥികൾ റാഗിങ് പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ റാഗിങ്ങിനിരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
റാഗിങ്ങിൽ കോളജ് അധികൃതർക്ക് പങ്കുണ്ടെന്ന പരാതിയിൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.
തക്കസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന് കോളജ് പ്രിൻസിപ്പലിനും വാർഡനുമെതിരെ പരാതി ഉയർന്നിരുന്നു. കുറ്റക്കാരായ ചിലർക്ക് അനുകൂലമായ നിലപാട് ഇവർ സ്വീകരിച്ചിരുന്നതായി ഡി.ജി.പിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ഇവർക്കെതിരെയും അന്വേഷണം.
#Kottayam #NursingCollege #Ragging #accused #remanded #policecustody #two #days
